ഇനി കളിമതിയാക്കാം, ഫേസ്ബുക്കും പുതുവഴി തേടുകയാണ്


ഫേസ്ബുക്കില്‍ സ്റ്റാറ്റസ്  അപ്‌ഡേറ്റ് ചെയ്യാതെ, മറുപടി പറയാതെ, ഒരു ലൈക്ക് അടിക്കാതെ എത്ര സമയം കഴിക്കാം എന്ന് പുതിയ തലമുറയോട് ചോദിച്ചാല്‍ പലര്‍ക്കും  മറുപടിയുണ്ടാവില്ല. കാരണം മൊബൈലിനെ പോലെ ശരീരത്തിന്റെ മറ്റൊരു അവയവമായി മാറിയിരിക്കുന്നു ഫേസ്ബുക്ക്, അതൊരു ഉപകരണമല്ലെങ്കില്‍ പോലും.  ഒരു ദിവസമൊന്ന് ഫേസ്ബുക്കില്‍ കയറിയില്ലെങ്കില്‍ പ്രിയപ്പെട്ടതെന്തോ നഷ്ട്പ്പെട്ട പ്രതീതിയാണ് ബഡ്ഡീസിന്. ഇഷ്ട്പ്പെട്ട ഭക്ഷണം കഴിച്ചാല്‍, പ്രിയപ്പെട്ട പാട്ട് കേട്ടാല്‍ ഏറെ നാള്‍ കൊതിച്ചിരുന്ന പുസ്തകം കയ്യില്‍ കിട്ടിയാല്‍ അതൊക്കെ ഫേസ്ബുക്കിലൂടെ നാലാളെ അറിയിച്ചില്ലെങ്കില്‍ എന്തോ ഒരു ഇത് ആണ് പുതിയ തലമുറക്ക്. അതിന് കിട്ടുന്ന ഇഷ്ടങ്ങളുടെ എണ്ണവും കമന്റ്സുകളും കാണുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും സന്തോഷവും ഒരു സിനിമ കാണുമ്പോള്‍ പോലും കിട്ടില്ലെന്ന് വേണമെങ്കില്‍ അങ്ങ് പറഞ്ഞു കളയും ഇന്നത്തെ ഗൈസ് ആന്റ് ഗേള്‍സ്.
ഫേസ്ബുക്കില്‍ കയറിയാല്‍ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലാണ് പലരുടെയുംസ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍‍. പ്രകടനപരത അതിരു വിടുമ്പോള്‍ സ്വന്തം മുഖത്ത് തന്നെ കരി വാരി തേക്കുന്നവരുമുണ്ട്. നമ്മുടെ കൂട്ടുകാരല്ലേ, എന്തെഴുതിയാലുംഅവരങ്ങ് സഹിച്ചോളും എന്ന് കരുതാന്‍ വരട്ടെ, ഫേസ് ബുക്ക് ഒരു പ്രൈവസി ഫീച്ചര്‍ നിര്‍ത്താന്‍ പോവുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട് . ഫേസ്ബുക്കില്‍ തങ്ങളുടെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ ആരൊക്കെ തങ്ങളുടെ ടൈംലൈന്‍ കാണണമെന്ന് ഉപയോക്താക്കള്‍ക്ക്  തീരുമാനിക്കുവാനുള്ള അവകാശം ഫേസ്ബുക്ക് അനുവദിച്ച് തന്നിരുന്നു -‘Who can look up your timeline by name?’. സെര്‍ച്ച്  ബാറില്‍ പേര് ടൈപ്പ് ചെയ്താല്‍ മാത്രം ആളുകളെ കാണാന്‍ കഴിയുന്ന തരത്തില്‍ ആളുകള്‍ക്ക് സ്വകാര്യത നല്കു്ന്നതായിരുന്നു ഈ പ്രൈവസി ഫീച്ചര്‍‍‍‍‍. എന്നാല്‍ 1.2 ബില്യണ്‍ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളില്‍ വളരെ കുറച്ച് പേരേ ഈ ഫീച്ചര്‍ ഉപയോഗിക്കുന്നുള്ളുവെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് ഇത് ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്.
അതായത് ഫേസ്ബുക്കില്‍ ഇനി ഒളിച്ചിരിക്കാനാവില്ല. തങ്ങളുടെ എഫ് ബി പോസ്റ്റുകള്‍ ആര്‍ക്കെല്ലാം കാണണം എന്ന് തീരുമാനിക്കുവാന്‍ ഉള്ള നിലവിലുള്ള സൌകര്യം നിലനിര്‍ത്തുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. എങ്കിലും സൌഹൃദങ്ങളുടെ അവസാന വാക്ക് ഫേസ്ബുക്ക് സുഹൃത്തുക്കളാവുന്ന, വിവരങ്ങളും വിപ്ലവങ്ങളും ഫേസ്ബുക്കിലൂടെയാവുന്ന ഇക്കാലത്ത് സ്‌ക്രീനിനുള്ളില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ബഡ്ഡീസ് ബോധവാന്മാരായേ തീരൂ. അതായത് ഏറെ കളിക്കുമ്പോള്‍ കളി കാര്യമാവാതിരിക്കാന്‍ സൂക്ഷിക്കുക.

No comments:

Post a Comment